Skip to main content

A Crash Course in Law Enforcement

 25.02.2025 

ആദ്യമായി സർവീസ് ബ്രാഞ്ചിലേക്കു എത്തിപ്പെട്ടതിന്റെ വിഷമങ്ങളും പ്രയാസങ്ങളും എല്ലാം മാറി തുടങ്ങിയിരുന്നു. ഇപ്പോൾ രാവിലെ എണീക്കുമ്പോൾ  ഇന്നത്തെ ദിവസം എങ്ങനെ survive ചെയ്യും എന്നൊന്നും ചിന്തിക്കാറില്ല, ഇങ്ങനെയാണ് ഇനി ജീവിതം എന്ന യാഥാർഥ്യത്തിലേക്ക് ഞാൻ പതിയെ  പൊരുത്തപ്പെട്ടു തുടങ്ങി.

ഇന്നും പതിവ് പോലെ ആശങ്കകളേതുമില്ലാതെ തന്നെ ഉറക്കമുണർന്നു. പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞു ഭക്ഷണവും കഴിച്ചു ബാങ്കിലേക്ക് ഇറങ്ങാൻ നിൽക്കുന്ന നേരത്താണ് മാനേജർ വിളിക്കുന്നത്.

"രാകേഷ് ഇറങ്ങിയോ?"

        "ഇറങ്ങാൻ നിൽക്കുകയാണ്, എന്തുപറ്റി സർ?"

"പഴയന്നൂർ പോലീസ് സ്റ്റേഷനിൽ 11 മണിക്കൊരു മീറ്റിംഗ് ഉണ്ട്. ഇന്നിവിടെ സെക്കൻഡ് അപ്പ്രൈസൽ ഉള്ളതിനാൽ എനിക്ക് പോവാൻ കഴിയില്ല, അതുകൊണ്ട് രാകേഷ് മീറ്റിംഗ് അറ്റൻഡ് ചെയ്തതിനു ശേഷം വന്നാൽ മതി."

        "ഈ പോലീസ് സ്റ്റേഷനിൽ ഒക്കെ.... ഞാൻ പോയാൽ മതിയാവുമോ??"

"ബ്രാഞ്ചിൽ നിന്നും ആരെങ്കിലും പോയാൽ മതി എന്നാണ് പറഞ്ഞത്, രാകേഷ് ഒന്ന് പോയി നോക്കൂ"

        "ശരി സർ, പോയി നോക്കാം"

ഒരു പോലീസ്‌കാരൻ ഇന്നലെ ബ്രാഞ്ചിൽ വന്നു മാനേജരോട് സംസാരിക്കുന്നത് ശ്രദ്ധിച്ചായിരുന്നു. ഇതിപ്പോ എന്ത് മീറ്റിംഗ് ആണെന്ന് ഒരു ഐഡിയയും കിട്ടിയില്ല. ഒരു ബ്രാഞ്ചിനെ പ്രതിനിധീകരിച്ചു ഒരു ക്ലറിക്കൽ സ്റ്റാഫ് പോകുന്നത് ശരിയാണോ എന്നൊക്കെയുള്ള ചിന്തകളായി സമയം പതുക്കെ തള്ളി നീക്കി.

ഏകദേശം 10.45 കഴിഞ്ഞപ്പോൾ തന്നെ ഞാൻ വീട്ടിൽ നിന്നിറങ്ങി, 5 മിനിറ്റിനുള്ളിൽ തന്നെ പോലീസ് സ്റ്റേഷന് മുന്നിൽ എത്തി. ബൈക്ക് പാർക്ക് ചെയ്തു സ്റ്റെപ്സ് കയറുന്നതിനിടയിൽ ഇടതു വശത്തെ വഴിയിലൂടെ രണ്ടു പേർ പതിയെ നടന്നു വരുന്നത് ശ്രദ്ധിച്ചു. ഷർട്ട് ഒക്കെ ഇൻ ചെയ്ത് വെൽ ഡ്രെസ്സ്‌ഡ് ആയ രണ്ടു പേർ, സൗത്ത് ഇന്ത്യൻ ബാങ്കിലെ ID കാർഡ് ധരിച്ചിരുന്നു. അവർ ആദ്യം കേറട്ടെ എന്ന് വിചാരിച്ചു ഞാൻ എൻ്റെ നടത്തം ഒന്നുകൂടെ പതുക്കെ ആക്കി. എന്നാൽ അവർ അവിടെ തന്നെ പരസ്പരം സംസാരിച്ചു നിന്നു. പിന്നെ വേറെ വഴിയില്ലാതെ ഞാൻ അകത്തേക്ക് കയറി. 

കയറി ചെന്ന ഇടത്തു തന്നെ ഒരു പോലീസ് ഏതോ ആളുടെ അടുത്തു നിന്ന് എന്തൊക്കെയോ വിവരങ്ങൾ ചോദിച്ചു എഴുതിയെടുക്കുന്നുണ്ടായിരുന്നു. ഇടനാഴിയിൽ രണ്ടു പോലീസുകാർ ഒരുത്തന്റെ ഇടവും വലവും നിന്ന് ഉച്ചത്തിൽ ദേഷ്യപെടുന്ന കണ്ടു. അവരുടെ സംഭാഷണത്തിൽ അത്  എന്തോ വണ്ടി പ്രശ്നം ആണെന്ന്  തോന്നി. 

"എന്തെ?" എഴുതിക്കൊണ്ടിരുന്ന പോലീസ് എന്നെ കണ്ടപ്പോൾ ചോദിച്ചു.

        "ഗ്രാമീൺ ബാങ്കിൽ നിന്നാണ്" അതിവിനയത്തോടെ ഞാൻ മറുപടി പറഞ്ഞു.

"എന്താ കാര്യം?"

        "വരാൻ പറഞ്ഞിരുന്നു"

"ഓക്കേ"

തുടർന്ന് അദ്ദേഹം എഴുത്തു തുടർന്നു.

ഞാൻ കുറച്ചു നേരം കൂടെ ശങ്കിച്ച് നിന്ന ശേഷം പതുക്കെ പുറത്തേക്കിറങ്ങി നിന്നു. എന്നെ കണ്ടപ്പോൾ സൗത്ത് ഇന്ത്യൻ ബാങ്കുകാർ എൻ്റെ അടുത്തേക്ക് വന്നു.

"ബാങ്കിൽ നിന്നാണോ?"

"അതെ"

"എന്താ പറഞ്ഞെ?" ഉള്ളിലേക്ക് കണ്ണ് കാണിച്ചു എന്നോട് ചോദിച്ചു.

"വെയിറ്റ് ചെയ്യാൻ പറഞ്ഞു."

അവർ തിരിച്ചു പോയി അവരുടെ സംസാരം തുടർന്നു. ആ നേരം ID കാർഡ് ഇട്ടു ഒരു സ്ത്രീ വന്നു, അവരും SIB കാരുടെ കൂടെ കൂടി.

സ്റ്റേഷന് പുറത്തു രണ്ടു റൂമുകൾ ഉണ്ടായിരുന്നു, ഒന്നിൽ PRO എന്നും മറ്റേതിൽ visitors room എന്നും എഴുതിവച്ചിരുന്നു.  പോലീസ് സ്റ്റേഷനു മുന്നിൽ ആണ് ALPS കുന്നത്തറ. ഞാൻ ഒന്ന് മുതൽ നാല് വരെ പഠിച്ച സ്കൂൾ. ഞാൻ ഇരുന്ന ക്ലാസ് മുറികൾ പോലും എനിക്ക് കാണാമായിരുന്നു. ആമിനക്കുട്ടി ടീച്ചറുടെയും  രാധ ടീച്ചറുടെയും എല്ലാം മുഖങ്ങൾ മനസിൽ മിന്നി മറഞ്ഞു. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഓഗസ്റ്റ് 15 നു ആണ് ഞാൻ ആദ്യമായി ഈ പോലീസ് സ്റ്റേഷൻ കയറിയത്. ഓറഞ്ച് കളറിലുള്ള നാരങ്ങാ മിട്ടായി രണ്ടെണ്ണം കിട്ടി അന്ന്. അതിനു ശേഷം ഇന്നാണ് ഈ പടി കയറാനുള്ള യോഗമുണ്ടായത്. 

റോഡിൽ ഒരു swift  Dzire അരികു ചേർത്ത് നിന്നു. അതിൽ നിന്നും SBI ടാഗ് ധരിച്ച ഒരു ലേഡി ഇറങ്ങി പ്രാതിനിധ്യം അറിയിച്ചു. അതിനിടയിൽ ആണ് ചുമരിനോട് ചേർന്ന് ചാരി നിൽക്കുന്ന ഒരു പെൺകുട്ടിയെ ശ്രദ്ധിച്ചത്. കണ്ടു നല്ല പരിചയം തോന്നി. ഈ കുട്ടി അക്കൗണ്ടിൽ ബാലൻസ് ഉണ്ടോ എന്നറിയാൻ  പലപ്പോഴായി ബ്രാഞ്ചിൽ  വരാറുണ്ട്. ഇതുവരെയും ആ അക്കൗണ്ടിൽ ക്യാഷ് ഉള്ളതായി ഞാൻ കണ്ടിട്ടില്ല. ഈ കുട്ടിക്കെന്താ പ്രശ്നം എന്നോർത്ത് നിൽക്കുന്നതിനിടയിൽ ടാഗുമിട്ടു ഷർട്ട് ഇൻ ചെയ്ത കുട്ടപ്പന്മാര് മൂന്നു നാല് പേര് വേറേം വന്നു.

SBI, കാനറാ, PNB, HDFC, കേരള ബാങ്ക്, BOB, SIB തുടങ്ങി ഈ പരിസരത്തുള്ള (പഴയന്നൂർ പോലീസ് jurisdiction) എല്ലാ ബാങ്കേഴ്‌സും എത്തിയിട്ടുണ്ട്. സ്റ്റേഷന് മുന്നിൽ തലമുടി വളർത്തിയ കുറെ freak പിള്ളേരും കുറച്ചു മധ്യവയസ്കരും രണ്ടുമൂന്നു സ്ത്രീകളും അവിടിവിടെയായി നിൽക്കുന്നുണ്ട്. കൂട്ടത്തിൽ ഞാനും പിന്നെ വെൽ ഡ്രെസ്സ്‌ഡ് കുട്ടപ്പന്മാരും. 

കുറച്ചു കഴിഞ്ഞു ഒരു പോലീസ് വന്നു ഞങ്ങളോട് visitors റൂമിൽ കയറി ഇരിക്കാൻ പറഞ്ഞു. ഞങ്ങൾ ഓരോരുത്തരായി ഉള്ളിൽ കയറിയിരുന്നു. മറ്റൊരാൾ വന്നു ഒരു പേപ്പർ എല്ലാവര്ക്കും കയ്യിൽ തന്നു, ഒരു ബുക്കിൽ പേരും ഫോൺ നമ്പറും എഴുതുവാൻ പറഞ്ഞു പോയി. അതിനിടയിൽ ധനലക്ഷ്മി ബാങ്കിലെ സ്റ്റാഫ് കൂടെ ജോയിൻ ചെയ്തു. ഞങ്ങളിൽ ചിലരൊക്കെ പരസ്പരം സംസാരിച്ചു കൊണ്ടിരുന്നു. ചിലർ ഫോൺ ചെയ്തു കൊണ്ടിരുന്നു, ഫോൺ നോക്കികൊണ്ടിരുന്നവർ ഉണ്ടായിരുന്നു. ഇതെല്ലം ശ്രദ്ധിച്ചു ഞാനും ഒരു സൈഡിൽ ഇരുന്നു. ബ്രാഞ്ചുകളിലെ കണക്റ്റിവിറ്റി പ്രശ്നങ്ങളും സ്റ്റാഫ് ഇല്ലാത്ത പ്രശ്നങ്ങളും ഒക്കെ തന്നെ ആണ് എല്ലാവരുടെയും പ്രശ്നം. പറയുന്നതെല്ലാം cliche ആണെന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും പറയുവാനും കേൾക്കുവാനും വിധിച്ചവർ.

അധികം വൈകാതെ തന്നെ സർക്കിൾ ഇൻസ്‌പെക്ടർ വന്നു, സ്വയം പരിചയപ്പെടുത്തി. ഫെഡറൽ ബാങ്കിൽ ഈയടുത്തു നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബ്രാഞ്ചിൽ വേണ്ട സെക്യൂരിറ്റി കാര്യങ്ങളെ കുറിച്ചൊക്കെ ഓർമ്മിപ്പിക്കുക, ബോധവാന്മാരാക്കുക എന്നതാണ് ക്ലാസ്. വളരെ നല്ല രീതിയിൽ അദ്ദേഹം സംസാരിച്ചു, ഞങ്ങളോട് interact ചെയ്തു.  അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ ചിലതിലൊക്കെ വിയോജിപ്പുകളും ഞങ്ങൾ അറിയിച്ചു. അങ്ങനെ കുറെ സംസാരിച്ചു ഒരു ഫോട്ടോയും എടുത്ത് ക്ലാസ് അവസാനിപ്പിച്ചു. എല്ലാവരും ഇറങ്ങിയതിനു ശേഷം ഞാനും ഇറങ്ങി. പുറത്തു CI ഓരോരുത്തരോടും ഏതൊക്കെ ബാങ്കിൽ നിന്നാണ് വരുന്നതെന്ന് ചോദിക്കുകയായിരുന്നു.  ഏറ്റവും പുറകിലായി നിന്ന എന്നെ നോക്കി പുരികം ഉയർത്തിയപ്പോൾ "ഗ്രാമീൺ ബാങ്ക്" എന്ന് ഞാൻ മറുപടി പറഞ്ഞു.

"കേരള ഗ്രാമീൺ ബാങ്ക്" 

എൻ്റെ ശബ്ദത്തിന്റെ അഞ്ചിരട്ടി ശബ്ദത്തിൽ അദ്ദേഹം തിരിച്ചു പറഞ്ഞു. അതിൽ എല്ലാമുണ്ടായിരുന്നു. എന്തെഴുതിയാലും എത്രയെഴുതിയാലും സ്പഷ്ടമാക്കാൻ കഴിയാത്ത പലതുമുണ്ടായിരുന്നു.

തിരികെ ബ്രാഞ്ചിലേക്കു മടങ്ങുമ്പോൾ CI സർ പറഞ്ഞ കാര്യങ്ങളൊക്കെ തന്നെയായിരുന്നു മനസ്സിൽ. പിന്നെ ചുമരും ചാരി നിന്നിരുന്ന ആ പെൺകുട്ടിയും.

***

Comments

Popular posts from this blog

ഒരു കഥയും ആസ്വാദനവും

എന്‍റെ കയ്യില്‍ ഒരു മൊബൈല്‍ ഫോണ്‍ കിട്ടുന്നതിനു മുന്പ് തന്നെ എന്‍റെ ഫോണ്‍ വിളികള്‍ വീട്ടില്‍ ഒരു ചര്‍ച്ചാ വിഷയമായി തുടങ്ങിയിരുന്നു. റീചാര്‍ജ് ചെയ്ത് പൈസ കളഞ്ഞിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു എന്ന് ഞാന്‍ പലപ്പോഴും തുറന്നു സമ്മതിക്കും. എന്നാല്‍ ഇപ്പോള്‍ ഫോണ്‍ വിളികള്‍ കുറച്ചിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ വീട്ടുകാര്‍ക്ക് നല്ല മടിയാണ്. കുറച്ചിട്ടുണ്ട് എന്നാണു ഞാന്‍ പറഞ്ഞത്, അത്പോലും ഇല്ലെങ്കില്‍ 24 മണിക്കൂറില്‍ എന്‍റെ വായില്‍ നിന്നും വിരലില്‍ എണ്ണാവുന്ന അത്ര വാചകങ്ങളെ പുറത്തേക്കു വരുകയുള്ളു... ഒരു വിഷു ദിവസമാണ് ഇത് എഴുതുന്നത്. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി ഓണവും വിഷുവും എല്ലാം തന്നെ ഒരു സാധാരണ ദിവസമായി കടന്നു പോകുകയാണ്. വീട്ടില്‍ ഞാന്‍ മിക്കവാറും ഒറ്റയ്ക്ക് തന്നെ. Facebook, gmail, shreds kerala, indiabix പിന്നെ ചില music sites എല്ലാറ്റിലും രാവിലെ തന്നെ കേറി നിരങ്ങി ബോറടിച്ചു ചാവരായപ്പോള്‍ ഒന്ന് താഴേക്ക്‌ ഇറങ്ങി. അമ്മ students ന്‍റെ exam papers നോക്കി കൊണ്ടിരിക്കുകയാണ്. അമ്മയുടെ അടുത്ത് പോയിരുന്നു, വെറുതെ. Edison സാറിന്‍റെ english grammer പോലെയാണ് സംഭാഷണം ആരംഭിക്...

69 - ഒരു തല തിരിഞ്ഞ കഥ

ഈ കഥയില്‍ ആദമത്രേ പാപത്തിന്‍റെ കനി ആദ്യമെത്തിപ്പിടിച്ചത്.  കഥ ഇങ്ങനെയല്ലെന്നു നമ്മളോരോരുത്തര്‍ക്കും നന്നായറിയാം. എന്നിട്ടും ആണത്തമേ... നമ്മളെന്തേ സ്ത്രീകളോടു ഇങ്ങനെ....???