" The Blog Is The Best Relationship Generator You Have Ever Seen... " -Robert Scoble, blogger

Saturday 28 June 2014

Der s Always a First Time...


“ ഓലഞ്ഞാലി കുരുവി
ഇളം കാറ്റില്‍ ആടി വരൂ നീ...
കൂട്ടു കൂടി ഉരുമി... ”

മൂന്നു മാസം മുന്‍പ് ജോലി അന്വേഷിച്ചു banglore ക്കു നാട് കടക്കപ്പെട്ട പ്രിയ സുഹൃത്ത് മൂന്നു ദിവസത്തെ ലീവില്‍ നാട്ടിലേക്ക് വന്നു. Banglore ഇലേക്കു പോകുന്നതിനു മുന്‍പ് ഞാന്‍ അവനോടു ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു. തൃശ്ശൂരിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച “പുണ്യാളന്‍ അഗര്‍ബത്തീസ്” തിയട്ടെരില്‍ പോയി കാണണം എന്ന്. സമയവും സന്ദര്‍ഭവും ഇണങ്ങി വന്നില്ല, സിനിമ കാണാന്‍ നില്‍ക്കാതെ അവന്‍ വണ്ടി കയറി.

എന്നാല്‍ ഇത്തവണ, അവന്‍ ലീവിന് വരുന്നതിനു മുന്‍പ് തന്നെ പറഞ്ഞു ഉറപ്പിച്ചിരുന്നു, ഈ മൂന്നു ദിവസത്തിലെ രണ്ടര മണിക്കൂര്‍ “1983” കാണാന്‍ മാറ്റി വെക്കണമെന്ന്. 1983 അവന്‍ കാണണം എന്നത് എന്‍റെ ആഗ്രഹമായിരുന്നു.. അവനു ഈ സിനിമ ഇഷ്ടപ്പെടുമെന്നും എനിക്കുറപ്പായിരുന്നു.

  കുട്ടി പ്രണയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുപാട് സിനിമകള്‍ ഈ അടുത്ത കാലത്ത് ഇറങ്ങുകയുണ്ടായി. Trivandrum Lodge, ഡാ തടിയാ, Philips & The Monkey Pen തുടങ്ങി ഇപ്പോള്‍ 1983 ലും കുട്ടി പ്രണയം കാണാം. മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട് അവയെല്ലാം തന്നെ. കുട്ടികളെല്ലാം മനോഹരമായി പ്രണയിക്കുന്നുണ്ട്.

    
ഓലഞ്ഞാലി കുരുവിയും അത് പോലോന്നായിരുന്നു. എബ്രിഡ് ഷൈന്‍ ഒരല്‍പം ആത്മാര്‍ത്ഥതയോടെ സ്വന്തം അനുഭവം screen ഇല്‍ കാണിച്ച പോലെ എനിക്ക് അനുഭവപ്പെട്ടു. ആദ്യ പ്രണയം എന്നൊന്ന് എന്‍റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. സുഹൃത്തിനൊപ്പം രണ്ടാം വട്ടം 1983 കണ്ടപ്പോള്‍ പോലും കളങ്കമില്ലാത്ത ബാല്യത്തില്‍ എനിക്ക് സിദ്ധിച്ച ആ സൗഭാഗ്യത്തെ ഞാന്‍ ഒരു പുഞ്ചിരിയോടെ ഓര്‍ത്തു...

    എന്‍റെ കുട്ടിക്കാലം എന്നു പറഞ്ഞാല്‍....

അമ്മയുടെ കയ്യില്‍ നിന്നും കിട്ടിയ തല്ലുകള്‍, അച്ഛന്റെ പല്ലു കടിച്ചുള്ള ദേഷ്യപ്പെടലുകള്‍, ചേച്ചിടെ കൂടെയുള്ള തല്ലുകൂടലുകള്‍... ഇതെല്ലാം മനസ്സില്‍ വന്നു പോയതിനു ശേഷമേ നല്ലതെന്തെങ്കിലും ഓര്‍മ വരൂ...

അത് അങ്ങനെ ഒരു കാലമായിരുന്നു. രഞ്ജിത്തും പ്രിത്വിരാജും ധോണിയും ശ്രേയാ ഘോഷാലും എല്ലാം മനസ്സില്‍ കേറുന്നതിനു മുന്‍പ് ശിവനെയും ശ്രീകൃഷ്ണനെയും ഹനുമാനെയും അര്‍ജുനനെയും എല്ലാം role model ആക്കിയിരുന്ന കാലം. വീട്ടില്‍ തെങ്ങ് കയറാനും വേലി കെട്ടാനും വരുന്ന വേലായുധനെ സോപ്പിട്ടു വില്ലുണ്ടാക്കിച്ചു, ഒഴിഞ്ഞ ചന്ദനത്തിരി കൂട്ടില്‍ ഈര്‍ക്കില നിറച്ചു ആവനാഴിയുണ്ടാക്കി തോളില്‍ കെട്ടി, തറവാടിനു പുറകിലുള്ള പറമ്പിലൂടെ സീതയെ അന്വേഷിച്ചു നടന്നിരുന്ന ആ കാലത്താണ് ആദ്യാനുരാഗം പൂവിട്ടത്.

            നാലാം ക്ലാസ്സ് വരെ പഠിച്ചിരുന്ന ALPS കുന്നത്തറയില്‍ നിന്നും അഞ്ചാം ക്ലാസ്സിലേക്ക് വേണ്ടി മാത്രം GLPS വടക്കെത്തറയിലേക്ക് മാറേണ്ടി വന്നപ്പോള്‍ എന്‍റെ അച്ഛനും അമ്മയ്ക്കും ചെറിയച്ഛനും എന്തെങ്കിലും കണക്കു കൂട്ടലുകള്‍ ഉണ്ടായിരുന്നിരിക്കണം. എല്ലാം മുന്‍ക്കൂട്ടി നിശ്ചയിച്ചിരിക്കുന്ന സര്‍വ ശക്തനായ ഈശ്വരനും ഉണ്ടായിരുന്നിരിക്കണം ചില കണക്കു കൂട്ടലുകളൊക്കെ. അതെന്തു തന്നെയായാലും കണക്കുകളൊന്നും തന്നെ അറിയാതെ രാജന്‍ മാഷിന്‍റെ 5-C എന്ന ഒറ്റമുറി ക്ലാസ്സില്‍ സാറിന്‍റെ ചൂരല്‍ വടിക്ക് കീഴെ ഒതുങ്ങി ഇരിക്കേണ്ടി വന്നു എനിക്ക്.

ഒരു മഴ പെയ്തു തോര്‍ന്ന പകലില്‍ മഴത്തുള്ളിക്കുള്ളിലെ മഴവില്ലിന്റെ തുമ്പോടിഞ്ഞ പോലെയായിരുന്നു എബ്രിഡ് ഷൈനിന്റെ കഥാനായകനു തന്‍റെ ആദ്യ പ്രണയത്തെ കണ്ടപ്പോള്‍ അനുഭവപ്പെട്ടത് എങ്കില്‍, നട്ടുച്ചക്ക് തകര്‍ത്തു പെയ്യുന്ന മഴയിലാണ് ഞാന്‍ അവളെ കണ്ടത്.

അന്നെനിക്കൊരു സുഹൃത്ത് ഉണ്ടായിരുന്നു. എന്‍റെ നാട്ടുകാരനാണെങ്കിലും വഴിയിലും മറ്റുമൊക്കെയായി ഇടയ്ക്കിടെ കാണാറുണ്ടെങ്കിലും അഞ്ചാം ക്ലാസ്സിലാണ് ഞാന്‍ അവനെ പരിചയപ്പെട്ടത്‌.

ക്ലാസ് റൂമില്‍ bench ഉം desk ഉം എല്ലാം ഉണ്ടെങ്കിലും ക്ലാസ് റൂമിന്‍റെ പകുതിയോളം വരുന്ന ചുമരില്‍ അള്ളി പിടിച്ചു കയറി രണ്ടു വശത്തേക്കും കാലിട്ട് മുഖാമുഖം ഇരുന്നു ഉച്ചഭക്ഷണം കഴിക്കുന്നതായിരുന്നു ആ പ്രായത്തിലെ ‘ആണത്തം’. നാല് ചുമരുകളിലെ ഒരു ഭാഗം ഞങ്ങള്‍ lifelong book ചെയ്ത ഞങ്ങളുടെ permanent  seat ആയിരുന്നു. അവിടെ ഇരുന്നാണ് ഞങ്ങള്‍ ഭക്ഷണം കഴിച്ചിരുന്നത്.

    അങ്ങനെയൊരു ദിവസം, ആ മഴ ദിവസമാണ് അത് സംഭവിച്ചത്. കൈ കഴുകാനും bottle ഇല്‍ വെള്ളം നിറക്കാനും പോയ സുഹൃത്തിനെയും കാത്ത് ചുമരിന്റെ മുകളില്‍, മുന്നില്‍ ചോറ്റുപാത്രവും വച്ച് വിശന്നിരിക്കുകയായിരുന്നു ഞാന്‍.
ഇനിയിപ്പോ മഴ നനയാതിരിക്കാന്‍ എവിടെയെങ്കിലും കേറി നിന്നതായിരിക്കുമോ അവന്‍..?? ക്ലാസ്സിലെ മറ്റു കുട്ടികളെല്ലാം ഭക്ഷണം കഴിച്ചു തുടങ്ങിയിരിക്കുന്നു. പലതരം കറികളുടെ മണം മൂക്കിലേക്ക് അടിച്ചു കയറിയപ്പോള്‍ അവനെ കാത്തിരിക്കാതെ ഫുഡടിച്ചു തുടങ്ങിയാലോ എന്നും ചിന്തിച്ചു അവസാന പ്രതീക്ഷയെന്നോണം ഒന്നുടെ പുറത്തേക്ക് നോക്കി...

ദേ...!!
അവന്‍ താഴെ നില്‍ക്കുന്നു, വിദൂരതയിലേക്ക് കണ്ണും നട്ടു...
മഴയെ നോക്കി “എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍” എന്നും പറഞ്ഞു നില്‍ക്കണ പോലുണ്ട്.

ഇവനെന്താ വട്ടായോ... ഇവനു വിശപ്പോന്നുമില്ലേ....???
പൊള്ളയായ വയറും പൊള്ളയായ തലയും ഒരു പോയിന്‍റില്‍ വച്ച് കണ്ടു. അടുത്തിരിക്കുന്ന ഒഴിഞ്ഞ കുപ്പിയെടുത്ത് അവന്‍റെ നെറുകും തലയിലേക്ക് ഒന്നു കൊടുത്തു...

അവന്‍...
അല്ല, അവള്‍ മേലോട്ട് നോക്കി, തലയില്‍ കയ്യും വച്ച്. തല്ലു കിട്ടിയതിന്‍റെ വേദനയും തല്ലിയവനോടുള്ള ദേഷ്യവും ആ മുഖത്തു വ്യക്ത്തമായി ഞാന്‍ കണ്ടു. തലയില്‍ കൈ വച്ച് കൊണ്ട് തന്നെ അവള്‍ മഴയിലൂടെ ഓടി, teachers room ന്‍റെ വരാന്തയിലേക്ക്‌.

തീര്‍ന്നു...
എന്തിനും ഏതിനും പേടിക്കുന്ന, ഒന്നിനെ പത്തായും പത്തിനെ നൂറായും കാണുന്ന എന്‍റെ മനസ്സ് ശരിക്കും പേടിച്ചു വിറച്ചു, വെറുങ്ങലിച്ചു... Teachers room ലേക്ക് ആണ് അവള്‍ പോകുന്നത്. അവള്‍ അവളുടെ ക്ലാസ് ടീച്ചറോട് അത് പറയും. ടീച്ചറത് രാജന്‍ മാഷിനോട് പറയും. (അവിടത്തെ അദ്ധ്യാപകന്‍ കൂടിയായ) എന്‍റെ ചെറിയച്ഛനും അതറിയും... Staff റൂമിലേക്ക്‌ വിളിപ്പിക്കും... അതല്ലെങ്കില്‍ അവരെല്ലാവരും ഇങ്ങോട്ടേക്കു വരും... ഈ കാണുന്ന കുട്ടികളുടെയെല്ലാം മുന്നില്‍ വച്ച് ചോദ്യം ചെയ്യും ദേഷ്യപ്പെടും തല്ലും....

    ഇതൊന്നും സംഭവിച്ചില്ല...!!
മഴയിലൂടെ ഓടിയ അവളുടെ ദേഷ്യവും സങ്കടവും വേദനയുമെല്ലാം ആ മഴയില്‍ ഒലിച്ചു പോയിരിക്കണം. വരാന്തയില്‍ കേറി നിന്നു അവള്‍ എന്നെ നോക്കി. മുഖത്തെയും കൈകളിലെയും വെള്ളം തുടച്ചു കൊണ്ട് എന്നെ നോക്കി ചിരിച്ചു. ആ ഒരു നോട്ടം മാത്രമേ നോക്കിയുള്ളൂ, പിന്നെ കയ്യും കെട്ടി മറ്റെങ്ങോട്ടോ നോക്കി നിന്നു... 
മഴ മാറാന്‍ കാത്തിരുന്നു....

    ഒരു പക്ഷെ, ‘Salt N Pepper’ ഇല്‍ മനു പറഞ്ഞ പോലെ, “വിശപ്പ്‌ സഹിക്കാതെ പറ്റിയതല്ലേ, ക്ഷമിച്ചു കള...” എന്ന് അവളും വിചാരിച്ചിട്ടുണ്ടാവും. വിശപ്പിന്‍റെ കാര്യത്തില്‍, ആ സമയത്ത് എനിക്കും അവള്‍ക്കും ഒരേ മാനസികാവസ്ഥ ആയിരുന്നിരിക്കണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഞാനും, ഇതിനെല്ലാം കാരണമായ എന്‍റെ സുഹൃത്തും ചേര്‍ന്ന് അവളെ പറ്റി കൂടുതല്‍ അന്വേഷിച്ചിരുന്നു. സ്കൂളിന്‍റെ തൊട്ടു പിന്നിലാണ് അവളുടെ വീട്. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോകും. ആ മഴ മാറിയിട്ട് വേണമായിരുന്നു അവള്‍ക്കു അന്ന് വീട്ടില്‍ പോയി ഭക്ഷണം കഴിക്കാന്‍.

    “We love... Coz it is the only true adventure...!!”

ഏതോ ഒരു വല്യ പുള്ളി എഴുതിയതാണ്. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പ്രണയം എന്ന വാക്ക് ഞാന്‍ കേട്ടിട്ടില്ല. എന്നാല്‍ love, പ്രേമം എന്നി രണ്ടു വാക്കുകള്‍ എനിക്കറിയാമായിരുന്നു. പക്ഷെ അതൊരു നല്ല atmosphere ഇല്‍ ആയിരുന്നില്ല അന്നെല്ലാം കേട്ടു പോന്നിരുന്നത്.

എന്നെക്കാള്‍ ഉയരം കുറഞ്ഞ പെണ്‍ക്കുട്ടി എന്നതോ, boy cut അടിച്ച അവളുടെ തലമുടിയോ അല്ല എന്നില്‍ അവള്‍ ശ്രദ്ധിക്കപ്പെട്ടത്. മഴ നനഞ്ഞോടിയ അവളുടെ ചിരിയും ആ നോട്ടവും... ആ നിമിഷത്തില്‍ പ്രണയം എന്ന സാഹസത്തിനു ഞാന്‍ മുതിരുകയായിരുന്നു.

“അലസമായി തുറന്നു കിടക്കുന്ന വാതിലിലൂടെ നമ്മളറിയാതെ പ്രണയം കടന്നു വരും...” വാക്കുകള്‍ ബ്ലെസ്സിയുടെതാണ്. ഒന്നോര്‍ത്തപ്പോള്‍ ഇന്നോളമുള്ള എന്‍റെ ജീവിതത്തില്‍ ഞാനറിയാതെ കയറി വന്ന പ്രണയം ഇത് മാത്രമായിരുന്നു.

എനിക്കിപ്പോഴും അത്ഭുതമാണ്, അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ചെറുക്കന്, വെറും പത്തു വയസ്സ് മാത്രമുള്ള ഒരുത്തന് പ്രണയം എന്ന വികാരം സംഭവിക്കുമോ....?? അവളുടെ മുഖം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു ഉറങ്ങുമ്പോഴും ഉണരുമ്പോഴും. Interval സമയങ്ങളില്‍ അവളുടെ ക്ലാസ് റൂമിന്‍റെ ജനലഴികള്‍ എന്‍റെ കൂട്ടുകാരനായി. സ്കൂള്‍ വിട്ടു കഴിഞ്ഞാല്‍ അമ്മയെയും ചേച്ചിമാരെയും കൊണ്ട് സുരേഷേട്ടന്റെ ഓട്ടോറിക്ഷ വരുന്നതും കാത്തു നിന്നിരുന്ന ഞാന്‍ അവളുടെ വീടിനു മുന്നിലൂടെ ‘evening walk’ പതിവാക്കി. പിന്നീടുള്ള എന്‍റെ സ്വപ്നങ്ങളില്‍ ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും കൂടെ സീതയും രാധയും അവരുടെ സാന്നിദ്ധ്യം അറിയിച്ചു തുടങ്ങി.

            അന്നത്തെ ആ സംഭവം ഒരു പരിചയപ്പെടല്‍ കൂടിയായിരുന്നു. ഞാന്‍ അവളെ ശ്രദ്ധിക്കുന്നുണ്ടെന്ന് അവള്‍ക്കു അധികം വൈകാതെ തന്നെ മനസ്സിലായി. ഞങ്ങള്‍ വെറുമൊരു പരിചയക്കാരോ സുഹൃത്തുക്കളോ അല്ലെന്നും ഞങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്കറിയാത്ത എന്തോ ഒന്ന് നിലനില്‍ക്കുന്നുണ്ടെന്നും ഞങ്ങളറിഞ്ഞു.

ഒരു ഉച്ച സമയത്ത് അവളെയും കാത്തു കൊടിമരത്തിനു താഴെ നിന്നിരുന്ന എന്‍റെ കൈകളിലേക്ക് അവളൊരു സമ്മാനം വച്ച് തന്ന് ക്ലാസ്സിലേക്ക് ഓടിപോയി.


ഞാനത് തുറന്നു നോക്കി...
ഇളം റോസ് നിറത്തിലുള്ള മധുര നാരങ്ങയുടെ അല്ലികള്‍...

പ്രണയത്തിന്‍റെ മധുരം അന്നാദ്യമായി ഞാന്‍ നുണഞ്ഞു...

പിന്നീട് എന്‍റെ evening walk ന്‍റെ ഒപ്പം അവളുടെ cycle riding ഉം ഉണ്ടായിരുന്നു. മധുര നാരങ്ങയുടെ അല്ലികള്‍ ഞങ്ങളുടെ ഓരോ ദിവസത്തെയും മധുരമുള്ളതാക്കി...!!


    പ്രണയവും രാജന്‍ മാഷിന്‍റെ തല്ലുകളും DPEP പരീക്ഷണങ്ങളും എല്ലാം അവസാനിച്ചു. അഞ്ചും കഴിഞ്ഞു, ഇനി ആറിലേക്ക്. മറ്റൊരു സ്കൂളില്‍, പുതിയൊരു ക്ലാസ്സില്‍... പഴയ കൂട്ടുകാര്‍ കാത്തിരിക്കുന്നുണ്ടാവണം.

1983 ലെ നായിക ചോദിച്ച പോലെ “ ഒന്നും പറയാനില്ലേ...?? ” എന്നൊന്നും അവള്‍ എന്നോട് ചോദിച്ചില്ല. പ്രത്യേകിച്ച് ഒരു വികാരവും ഇല്ലാതെ തന്നെ അഞ്ചാം ക്ലാസ്സിന്‍റെ പടിയിറങ്ങി.

    എനിക്ക് ചുറ്റുമുള്ള ലോകം വളര്‍ന്നു, അവളും...
അവള്‍ക്കിപ്പോള്‍  എന്നെക്കാള്‍ അധികം ഉയരമുണ്ട്, സ്വന്തമായി ഒരു Scooty Pep+ ഉണ്ട്, മുഖത്തൊരു കണ്ണാടിയുണ്ട്, നീണ്ട മുടിയുണ്ട്, ചുണ്ടിലെ പുഞ്ചിരി പോലും മാഞ്ഞു പോയിരിക്കുന്നു....


    ജനാധിപത്യ രാഷ്ട്രത്തിലെ പൌരന്‍റെ അവകാശം സംരക്ഷിക്കപെടാന്‍ വീട്ടുകാര്‍ നിര്‍ബന്ധിപ്പിച്ചപ്പോള്‍ വോട്ട് ചെയ്യാനായി ആ വിദ്യാലയത്തിലേക്ക്‌ ഒന്ന് കൂടെ കയറിച്ചെന്നു. പഴയ ഒറ്റമുറി ക്ലാസ് അവിടെ തന്നെ ഉണ്ട്, 5C ആയി തന്നെ. ന്യൂ ജനറേഷന്‍ പിള്ളേരു ചുമരില്‍ കയറി ആണത്തം കാണിക്കുന്നത് സ്കൂളിനു കുറച്ചിലാണ് എന്ന് കരുതിയിട്ടാവാം അവിടെ മുഴുവന്‍ ഗ്രില്‍ ഇട്ടിരിക്കുന്നു. 

ആ ഇരുമ്പഴികള്‍ക്കുള്ളില്‍ പറയാന്‍ ബാക്കി വച്ച കുറച്ചു ചോദ്യങ്ങളും ഉത്തരങ്ങളും ഇപ്പോഴും ഉറങ്ങി കിടക്കുന്നുണ്ട്...

       

Tuesday 15 April 2014

ഒരു കഥയും ആസ്വാദനവും

എന്‍റെ കയ്യില്‍ ഒരു മൊബൈല്‍ ഫോണ്‍ കിട്ടുന്നതിനു മുന്പ് തന്നെ എന്‍റെ ഫോണ്‍ വിളികള്‍ വീട്ടില്‍ ഒരു ചര്‍ച്ചാ വിഷയമായി തുടങ്ങിയിരുന്നു. റീചാര്‍ജ് ചെയ്ത് പൈസ കളഞ്ഞിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു എന്ന് ഞാന്‍ പലപ്പോഴും തുറന്നു സമ്മതിക്കും. എന്നാല്‍ ഇപ്പോള്‍ ഫോണ്‍ വിളികള്‍ കുറച്ചിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ വീട്ടുകാര്‍ക്ക് നല്ല മടിയാണ്. കുറച്ചിട്ടുണ്ട് എന്നാണു ഞാന്‍ പറഞ്ഞത്, അത്പോലും ഇല്ലെങ്കില്‍ 24 മണിക്കൂറില്‍ എന്‍റെ വായില്‍ നിന്നും വിരലില്‍ എണ്ണാവുന്ന അത്ര വാചകങ്ങളെ പുറത്തേക്കു വരുകയുള്ളു...

ഒരു വിഷു ദിവസമാണ് ഇത് എഴുതുന്നത്. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി ഓണവും വിഷുവും എല്ലാം തന്നെ ഒരു സാധാരണ ദിവസമായി കടന്നു പോകുകയാണ്. വീട്ടില്‍ ഞാന്‍ മിക്കവാറും ഒറ്റയ്ക്ക് തന്നെ. Facebook, gmail, shreds kerala, indiabix പിന്നെ ചില music sites എല്ലാറ്റിലും രാവിലെ തന്നെ കേറി നിരങ്ങി ബോറടിച്ചു ചാവരായപ്പോള്‍ ഒന്ന് താഴേക്ക്‌ ഇറങ്ങി. അമ്മ students ന്‍റെ exam papers നോക്കി കൊണ്ടിരിക്കുകയാണ്. അമ്മയുടെ അടുത്ത് പോയിരുന്നു, വെറുതെ. Edison സാറിന്‍റെ english grammer പോലെയാണ് സംഭാഷണം ആരംഭിക്കുക – Past, Present, Future. Past ല്‍ നിന്നും തുടങ്ങി present ല്‍ കൂടെ future ലേക്ക് എത്തുന്ന ശൈലി. 

അതിലെ present ല്‍ വച്ചാണ് എന്‍റെ ‘ഫോണ്‍ വിളി’ കേറി വന്നത്. പക്ഷെ അമ്മ അതിനെ പറ്റി കൂടുതല്‍ സംസാരിക്കാന്‍ നിന്നില്ല, പകരം 9-ആം ക്ലാസ്സിലെ മലയാളം ചോദ്യപേപ്പറിലെ ഒരു ചോദ്യം വായിക്കാനായി തന്നു. ചോദ്യം ഒരു കഥയാണ്‌, ആ കഥക്കു ആസ്വാദനം എഴുതുകയാണ് വേണ്ടത്. അത് വായിച്ചപ്പോള്‍ അതിനെ നേരെ ബ്ലോഗിലേക്ക് പകര്‍ത്താന്‍ ആണ് എനിക്ക് തോന്നിയത്, ബോറടി മാറ്റാന്‍ ഒരു ഉപാധിയും...

ആ കഥയും അമ്മയുടെ ഒരു student ആ കഥക്കു എഴുതിയ മനോഹരമായ ആസ്വാദന കുറിപ്പും ചുവടെ പകര്‍ത്തുന്നു.

   *********************************************************************************

വിശപ്പ്‌

ഒരടി പോലും നടക്കുവാന്‍ വയ്യ!

ശരീരമാകെ തളരുന്നു.

ഒരു പത്തു രൂപയെങ്കിലും കിട്ടിയിരുന്നെങ്കില്‍...

അയാള്‍ നാലുപാടും നോക്കി.

എവിടെയെങ്കിലും പ്രതീക്ഷയുടെ കച്ചിതുരുമ്പ് കാണാനുണ്ടോ?

പെട്ടെന്നാണ് അയാളത് കണ്ടത്.

വഴിയോരത്ത് ചുരുണ്ടുകൂടി കിടക്കുന്ന പത്തുരൂപാ നോട്ട്...

ചുറ്റുപാടും നോക്കി... ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി.

മുഷിഞ്ഞു ചുരുണ്ട ആ പത്തുരൂപാ നോട്ട് കൈക്കലാക്കി.

പിന്നെ ഒരോട്ടമായിരുന്നു, കടയിലേക്ക്...

റീചാര്‍ജ് കൂപ്പണ്‍ കൈയ്യില്‍ കിട്ടിയപ്പോള്‍...

ഹാവൂ... എന്തൊരാശ്വാസം!!

                      -   എം എ റിബിന്‍ ഷാ 


ആസ്വാദന കുറിപ്പ്

മലയാള സാഹിത്യ ലോകത്തില്‍ അപൂര്‍വമായ സംഭാവനകള്‍ കാഴ്ച വക്കുകയും സാമൂഹ്യ രക്ഷക്ക് വേണ്ടി കൃതികള്‍ രചിക്കുകയും ചെയ്തിരുന്ന എം എ റിബിന്‍ ഷാ എന്ന കഥാകൃത്തിന്റെ ഒരു ചെറു കഥയാണ്‌ “വിശപ്പ്‌” എന്നത്.

    വിവര സാങ്കേതിക കൊണ്ട് വലയം ചെയ്തിരിക്കുന്ന ഒരു കാലഘട്ടത്തില്‍ ജീവിക്കുന്നവരാണ് ഇന്ന് ഭാരതീയര്‍. ഇതിനെ ആസ്പദമാക്കി റിബിന്‍ ഷാ രചിച്ച ഒരു കഥയാണിത്. വിശപ്പും ദാഹവും സഹിച്ചു ഒരടി പോലും മുന്നോട്ടു നടക്കാന്‍ വയ്യ എന്നാണു പറയുന്നത്. ശരീരമാസകലം തളരുന്നു എന്ന് പറയുന്നതിലൂടെ മനുഷ്യന്‍റെ ശാരീരികവും മാനസികവുമായ അവസ്ഥ നമുക്ക് വ്യക്തമാവുന്നു. അദ്ദേഹത്തിന്റെ കൈവശം പണമില്ലെന്ന് ‘ഒരു പത്തു രൂപായെങ്കിലും കിട്ടിയിരുന്നെങ്കില്‍’ എന്ന വരിയിലൂടെ വായിച്ചെടുക്കാം. അത്തരത്തിലുണ്ടായ ഒരു മനോ വിചാരത്തിനു ശേഷം കഥാ നായകന്‍ അടുത്തു ചുരുണ്ടു കൂടി കിടക്കുന്ന 10 രൂപാ നോട്ട് കാണുന്നു. ആരും ശ്രദ്ധിക്കുന്നിലെന്നു ഉറപ്പു വരുത്തി അതുമായി കടയിലേക്ക് ഓടുന്നു. ശേഷം ‘റീചാര്‍ജ് കൂപ്പണ്‍ കയ്യില്‍ കിട്ടിയപ്പോള്‍ എന്തൊരാശ്വാസം’ എന്നാണു പറയുന്നത്. ഈ വരികള്‍ വായനക്കാരെ ഒരു പാട് കാര്യങ്ങള്‍ വായിച്ചെടുക്കാന്‍ സഹായിക്കുന്നു. ആധുനിക യന്ത്രവല്‍കൃത ലോകത്ത് മൊബൈല്‍ ഫോണിനു വേണ്ടി ജീവിക്കുന്ന മനുഷ്യരുടെ മാനസികാവസ്ഥയിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു. ജീവന്‍ പോകുമെന്ന് തോന്നുന്ന അവസ്ഥയിലും മൊബൈലിന്റെ ജീവന്‍ നിലനിര്‍ത്തല്‍. ഇത്തരത്തില്‍ ജീവിക്കുന്ന ആധുനിക സമൂഹത്തെ പുചിക്കുകയാണ് ഇവിടെ.

    ഇതല്ലെങ്കില്‍ റീചാര്‍ജ് കൂപ്പണ്‍ എന്നതിലൂടെ തന്‍റെ ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണം എന്ന സൂചനയും ലഭിക്കുന്നു. വായനക്കാരനെ ഒരുപാട് തലത്തിലേക്ക് ചിന്തിക്കാന്‍ സഹായിക്കുന്ന ഒരു കഥയാണിത്. ഒരുപാട് ധ്വനികളിലൂടെ വീണ്ടും വീണ്ടും വായിക്കാനുള്ള പ്രവണത ജനിപ്പിക്കുന്നു. ചില പദങ്ങളും വാക്യങ്ങളും കഥയുടെ മാറ്റ് കൂട്ടുന്നു. ‘പ്രതീക്ഷയുടെ കച്ചിത്തുരുമ്പ്’ എന്നതും ‘ഹാവൂ! എന്തൊരാശ്വാസം’ എന്നതുമെല്ലാം കഥയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഇതിനാല്‍ തന്നെ കാലിക പ്രസക്തിയും വിമര്‍ശനവും നര്‍മവും ഒത്തോരുമിക്കുന്ന ഒരു ചെറു കഥയായി നമുക്കിതിനെ കാണാം. എന്തുകൊണ്ടും ആകര്‍ഷകവും സൗന്ദര്യവും ഒത്തിരി നിറഞ്ഞ ഒരു കഥയായിരുന്നു ‘വിശപ്പ്‌’. മാത്രമല്ല ‘വിശപ്പ്‌’ എന്ന ശീര്‍ഷകം സാധാരണ അര്‍ത്ഥത്തില്‍ വിശപ്പെന്നും റീചാര്‍ജ് കൂപ്പണ്‍ കിട്ടാനുള്ള വിശപ്പെന്നും അര്‍ത്ഥമാക്കാം.

                                       - ദില്‍ഷ ഫാത്തിമ 


കഥാകൃത്തിനെയും ആസ്വാദനം എഴുതിയ വ്യക്ത്തിയെയും അഭിനന്ദിക്കുന്നു. ഇരുവര്‍ക്കും സാഹിത്യലോകത്ത് വലിയൊരു സ്ഥാനം ലഭിക്കട്ടെ എന്നും ആശംസിക്കുന്നു.

NB: ഇതിലെ ‘വിശപ്പ്‌’ എന്ന കഥ എഴുതിയത് - എം എ റിബിന്‍ ഷാ.
   കഥക്കു ആസ്വാദനം എഴുതിയത് - ദില്‍ഷ ഫാത്തിമ.

Friday 11 April 2014

69 - ഒരു തല തിരിഞ്ഞ കഥ


ഈ കഥയില്‍ ആദമത്രേ പാപത്തിന്‍റെ കനി ആദ്യമെത്തിപ്പിടിച്ചത്. 

കഥ ഇങ്ങനെയല്ലെന്നു നമ്മളോരോരുത്തര്‍ക്കും നന്നായറിയാം.

എന്നിട്ടും ആണത്തമേ... നമ്മളെന്തേ സ്ത്രീകളോടു ഇങ്ങനെ....???