" The Blog Is The Best Relationship Generator You Have Ever Seen... " -Robert Scoble, blogger

Tuesday 15 April 2014

ഒരു കഥയും ആസ്വാദനവും

എന്‍റെ കയ്യില്‍ ഒരു മൊബൈല്‍ ഫോണ്‍ കിട്ടുന്നതിനു മുന്പ് തന്നെ എന്‍റെ ഫോണ്‍ വിളികള്‍ വീട്ടില്‍ ഒരു ചര്‍ച്ചാ വിഷയമായി തുടങ്ങിയിരുന്നു. റീചാര്‍ജ് ചെയ്ത് പൈസ കളഞ്ഞിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു എന്ന് ഞാന്‍ പലപ്പോഴും തുറന്നു സമ്മതിക്കും. എന്നാല്‍ ഇപ്പോള്‍ ഫോണ്‍ വിളികള്‍ കുറച്ചിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ വീട്ടുകാര്‍ക്ക് നല്ല മടിയാണ്. കുറച്ചിട്ടുണ്ട് എന്നാണു ഞാന്‍ പറഞ്ഞത്, അത്പോലും ഇല്ലെങ്കില്‍ 24 മണിക്കൂറില്‍ എന്‍റെ വായില്‍ നിന്നും വിരലില്‍ എണ്ണാവുന്ന അത്ര വാചകങ്ങളെ പുറത്തേക്കു വരുകയുള്ളു...

ഒരു വിഷു ദിവസമാണ് ഇത് എഴുതുന്നത്. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി ഓണവും വിഷുവും എല്ലാം തന്നെ ഒരു സാധാരണ ദിവസമായി കടന്നു പോകുകയാണ്. വീട്ടില്‍ ഞാന്‍ മിക്കവാറും ഒറ്റയ്ക്ക് തന്നെ. Facebook, gmail, shreds kerala, indiabix പിന്നെ ചില music sites എല്ലാറ്റിലും രാവിലെ തന്നെ കേറി നിരങ്ങി ബോറടിച്ചു ചാവരായപ്പോള്‍ ഒന്ന് താഴേക്ക്‌ ഇറങ്ങി. അമ്മ students ന്‍റെ exam papers നോക്കി കൊണ്ടിരിക്കുകയാണ്. അമ്മയുടെ അടുത്ത് പോയിരുന്നു, വെറുതെ. Edison സാറിന്‍റെ english grammer പോലെയാണ് സംഭാഷണം ആരംഭിക്കുക – Past, Present, Future. Past ല്‍ നിന്നും തുടങ്ങി present ല്‍ കൂടെ future ലേക്ക് എത്തുന്ന ശൈലി. 

അതിലെ present ല്‍ വച്ചാണ് എന്‍റെ ‘ഫോണ്‍ വിളി’ കേറി വന്നത്. പക്ഷെ അമ്മ അതിനെ പറ്റി കൂടുതല്‍ സംസാരിക്കാന്‍ നിന്നില്ല, പകരം 9-ആം ക്ലാസ്സിലെ മലയാളം ചോദ്യപേപ്പറിലെ ഒരു ചോദ്യം വായിക്കാനായി തന്നു. ചോദ്യം ഒരു കഥയാണ്‌, ആ കഥക്കു ആസ്വാദനം എഴുതുകയാണ് വേണ്ടത്. അത് വായിച്ചപ്പോള്‍ അതിനെ നേരെ ബ്ലോഗിലേക്ക് പകര്‍ത്താന്‍ ആണ് എനിക്ക് തോന്നിയത്, ബോറടി മാറ്റാന്‍ ഒരു ഉപാധിയും...

ആ കഥയും അമ്മയുടെ ഒരു student ആ കഥക്കു എഴുതിയ മനോഹരമായ ആസ്വാദന കുറിപ്പും ചുവടെ പകര്‍ത്തുന്നു.

   *********************************************************************************

വിശപ്പ്‌

ഒരടി പോലും നടക്കുവാന്‍ വയ്യ!

ശരീരമാകെ തളരുന്നു.

ഒരു പത്തു രൂപയെങ്കിലും കിട്ടിയിരുന്നെങ്കില്‍...

അയാള്‍ നാലുപാടും നോക്കി.

എവിടെയെങ്കിലും പ്രതീക്ഷയുടെ കച്ചിതുരുമ്പ് കാണാനുണ്ടോ?

പെട്ടെന്നാണ് അയാളത് കണ്ടത്.

വഴിയോരത്ത് ചുരുണ്ടുകൂടി കിടക്കുന്ന പത്തുരൂപാ നോട്ട്...

ചുറ്റുപാടും നോക്കി... ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി.

മുഷിഞ്ഞു ചുരുണ്ട ആ പത്തുരൂപാ നോട്ട് കൈക്കലാക്കി.

പിന്നെ ഒരോട്ടമായിരുന്നു, കടയിലേക്ക്...

റീചാര്‍ജ് കൂപ്പണ്‍ കൈയ്യില്‍ കിട്ടിയപ്പോള്‍...

ഹാവൂ... എന്തൊരാശ്വാസം!!

                      -   എം എ റിബിന്‍ ഷാ 


ആസ്വാദന കുറിപ്പ്

മലയാള സാഹിത്യ ലോകത്തില്‍ അപൂര്‍വമായ സംഭാവനകള്‍ കാഴ്ച വക്കുകയും സാമൂഹ്യ രക്ഷക്ക് വേണ്ടി കൃതികള്‍ രചിക്കുകയും ചെയ്തിരുന്ന എം എ റിബിന്‍ ഷാ എന്ന കഥാകൃത്തിന്റെ ഒരു ചെറു കഥയാണ്‌ “വിശപ്പ്‌” എന്നത്.

    വിവര സാങ്കേതിക കൊണ്ട് വലയം ചെയ്തിരിക്കുന്ന ഒരു കാലഘട്ടത്തില്‍ ജീവിക്കുന്നവരാണ് ഇന്ന് ഭാരതീയര്‍. ഇതിനെ ആസ്പദമാക്കി റിബിന്‍ ഷാ രചിച്ച ഒരു കഥയാണിത്. വിശപ്പും ദാഹവും സഹിച്ചു ഒരടി പോലും മുന്നോട്ടു നടക്കാന്‍ വയ്യ എന്നാണു പറയുന്നത്. ശരീരമാസകലം തളരുന്നു എന്ന് പറയുന്നതിലൂടെ മനുഷ്യന്‍റെ ശാരീരികവും മാനസികവുമായ അവസ്ഥ നമുക്ക് വ്യക്തമാവുന്നു. അദ്ദേഹത്തിന്റെ കൈവശം പണമില്ലെന്ന് ‘ഒരു പത്തു രൂപായെങ്കിലും കിട്ടിയിരുന്നെങ്കില്‍’ എന്ന വരിയിലൂടെ വായിച്ചെടുക്കാം. അത്തരത്തിലുണ്ടായ ഒരു മനോ വിചാരത്തിനു ശേഷം കഥാ നായകന്‍ അടുത്തു ചുരുണ്ടു കൂടി കിടക്കുന്ന 10 രൂപാ നോട്ട് കാണുന്നു. ആരും ശ്രദ്ധിക്കുന്നിലെന്നു ഉറപ്പു വരുത്തി അതുമായി കടയിലേക്ക് ഓടുന്നു. ശേഷം ‘റീചാര്‍ജ് കൂപ്പണ്‍ കയ്യില്‍ കിട്ടിയപ്പോള്‍ എന്തൊരാശ്വാസം’ എന്നാണു പറയുന്നത്. ഈ വരികള്‍ വായനക്കാരെ ഒരു പാട് കാര്യങ്ങള്‍ വായിച്ചെടുക്കാന്‍ സഹായിക്കുന്നു. ആധുനിക യന്ത്രവല്‍കൃത ലോകത്ത് മൊബൈല്‍ ഫോണിനു വേണ്ടി ജീവിക്കുന്ന മനുഷ്യരുടെ മാനസികാവസ്ഥയിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു. ജീവന്‍ പോകുമെന്ന് തോന്നുന്ന അവസ്ഥയിലും മൊബൈലിന്റെ ജീവന്‍ നിലനിര്‍ത്തല്‍. ഇത്തരത്തില്‍ ജീവിക്കുന്ന ആധുനിക സമൂഹത്തെ പുചിക്കുകയാണ് ഇവിടെ.

    ഇതല്ലെങ്കില്‍ റീചാര്‍ജ് കൂപ്പണ്‍ എന്നതിലൂടെ തന്‍റെ ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണം എന്ന സൂചനയും ലഭിക്കുന്നു. വായനക്കാരനെ ഒരുപാട് തലത്തിലേക്ക് ചിന്തിക്കാന്‍ സഹായിക്കുന്ന ഒരു കഥയാണിത്. ഒരുപാട് ധ്വനികളിലൂടെ വീണ്ടും വീണ്ടും വായിക്കാനുള്ള പ്രവണത ജനിപ്പിക്കുന്നു. ചില പദങ്ങളും വാക്യങ്ങളും കഥയുടെ മാറ്റ് കൂട്ടുന്നു. ‘പ്രതീക്ഷയുടെ കച്ചിത്തുരുമ്പ്’ എന്നതും ‘ഹാവൂ! എന്തൊരാശ്വാസം’ എന്നതുമെല്ലാം കഥയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഇതിനാല്‍ തന്നെ കാലിക പ്രസക്തിയും വിമര്‍ശനവും നര്‍മവും ഒത്തോരുമിക്കുന്ന ഒരു ചെറു കഥയായി നമുക്കിതിനെ കാണാം. എന്തുകൊണ്ടും ആകര്‍ഷകവും സൗന്ദര്യവും ഒത്തിരി നിറഞ്ഞ ഒരു കഥയായിരുന്നു ‘വിശപ്പ്‌’. മാത്രമല്ല ‘വിശപ്പ്‌’ എന്ന ശീര്‍ഷകം സാധാരണ അര്‍ത്ഥത്തില്‍ വിശപ്പെന്നും റീചാര്‍ജ് കൂപ്പണ്‍ കിട്ടാനുള്ള വിശപ്പെന്നും അര്‍ത്ഥമാക്കാം.

                                       - ദില്‍ഷ ഫാത്തിമ 


കഥാകൃത്തിനെയും ആസ്വാദനം എഴുതിയ വ്യക്ത്തിയെയും അഭിനന്ദിക്കുന്നു. ഇരുവര്‍ക്കും സാഹിത്യലോകത്ത് വലിയൊരു സ്ഥാനം ലഭിക്കട്ടെ എന്നും ആശംസിക്കുന്നു.

NB: ഇതിലെ ‘വിശപ്പ്‌’ എന്ന കഥ എഴുതിയത് - എം എ റിബിന്‍ ഷാ.
   കഥക്കു ആസ്വാദനം എഴുതിയത് - ദില്‍ഷ ഫാത്തിമ.

1 comment:

  1. ഒരു 9 -> o ക്ലാസ്സ്‌ വിദ്യാർത്ഥിനി എഴുതിയ ആസ്വാദന കുറിപ്പാണ് ഇതെന്ന് വിശ്വസിക്കുക വയ്യ. എന്തായാലും ദിൽഷ ഫാത്തിമക്ക് അഭിനന്ദനങ്ങൾ...

    ഞാൻ
    മലയാളം മാത്രം ഇഷ്ടപ്പെട്ടിരുന്ന ഒരു കാലത്തെയോർത്തു...
    ഒരുപാടിഷ്ടപ്പെട്ടിരുന്ന മലയാളം ടീച്ചറെയോർത്തു...

    മാധവിക്കുട്ടിയുടെ നെയ്പായസത്തിനു എഴുതിയ ആസ്വാദനം വായിച്ച് ടീച്ചർ ചേർത്ത് നിർത്തി മലയാളം എടുത്തു പഠിക്കണമെന്ന് പറഞ്ഞ നിമിഷത്തിൽ തോന്നിയ അഭിമാനം...

    ആഗ്രഹിച്ചിരുന്നു ഒരു മലയാളം ടീച്ചർ ആവാൻ... മലയാളം പഠിച്ചു അതിൽ റിസർച്ച് ചെയ്യാൻ ഇപ്പോഴും കൊതിയുണ്ട് . ഈ ജീവിതത്തിൽ നടക്കാത്ത ഏറ്റവും വലിയ ആഗ്രഹം ...

    എല്ലാം ഒന്നുകൂടി ഓർമിപ്പിച്ചതിനു നന്ദി...

    ReplyDelete